Home National സംഭാവന വിവാദം: ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിന്റെ നിർണായക യോ​ഗം ജൂലായ് ആറിന്, ചമ്പത് റായിയുടെ...

സംഭാവന വിവാദം: ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിന്റെ നിർണായക യോ​ഗം ജൂലായ് ആറിന്, ചമ്പത് റായിയുടെ രാജിയിൽ തീരുമാനമുണ്ടാകും

20
0

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന വിവാദങ്ങളുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നതിനിടെ ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിന്റെ അടിയന്തര യോഗം ജൂലായ് ആറിന് ചേരും. ജനറൽ സെക്രട്ടറി ചമ്പത് റായി, ട്രസ്റ്റി ഡോ. അനിൽ മിശ്ര എന്നിവർ നൽകിയ രാജിക്കത്തുകളിൽ അന്തിമ തീരുമാനമെടുക്കാനാണ് ഈ യോഗം വിളിച്ചിരിക്കുന്നത്. ജൂൺ 27-നാണ് ഇരുവരും തങ്ങളുടെ പദവികളിൽ നിന്നുള്ള രാജിക്കത്ത് സമർപ്പിച്ചത്.

ട്രസ്റ്റിന്റെ ബൈലോ അനുസരിച്ച് പദവികളിൽ നിന്നുള്ള രാജി അംഗീകരിക്കണമെങ്കിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ അത് വോട്ടിനിട്ട് പാസാക്കേണ്ടതുണ്ട്. ആകെ 14 അംഗങ്ങളുള്ള ട്രസ്റ്റിൽ രണ്ട് പേർ രാജിവെച്ച പശ്ചാത്തലത്തിൽ ബാക്കി 12 പേരെ ഉൾപ്പെടുത്തിയായിരിക്കും വോട്ടെടുപ്പ് നടത്തുക. അതേസമയം, ഏതെങ്കിലും ഔദ്യോഗിക പദവികളിൽ നിന്ന് രാജിവെച്ചാലും ഇവർ ട്രസ്റ്റിലെ സാധാരണ അംഗങ്ങളായി തുടർന്നും തുടരുമെന്നാണ് ബൈലോയിലെ വ്യവസ്ഥ വ്യക്തമാക്കുന്നത്. അതിനാൽ ചമ്പത് റായിയുടെ രാജി അംഗീകരിക്കപ്പെട്ടാലും അദ്ദേഹം ട്രസ്റ്റ് അംഗമായി തുടരും.

അതിനിടെ, വിവാദമായ സംഭാവനക്കൊള്ളയുടെ മുഖ്യ ആസൂത്രകൻ തന്റെ അടുത്ത അനുയായിയും ഡ്രൈവറുമായ ടിന്നു യാദവാണെന്ന് ചമ്പത് റായി വെളിപ്പെടുത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തട്ടിപ്പ് പുറത്താകുമെന്ന ഘട്ടത്തിൽ ടിന്നു യാദവ് തന്നെയാണ് ഈ വിവരങ്ങൾ സമാജ് വാദി പാർട്ടി നേതാവിന് ചോർത്തി നൽകിയതെന്നും ചമ്പത് റായിയുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.