Home kerala കേരളത്തിൽ സതീശൻ യുഗം; കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി. സതീശൻ

കേരളത്തിൽ സതീശൻ യുഗം; കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി. സതീശൻ

39
0

കേരള രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾക്ക് ശേഷം വലിയൊരു ഭരണമാറ്റത്തിന് വഴിതുറന്നുകൊണ്ട് സംസ്ഥാനത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി. സതീശൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ മുൻപാകെയാണ് അദ്ദേഹം സത്യപ്രതിജ്ഞ ചൊല്ലിയത്. ഒരു പതിറ്റാണ്ട് നീണ്ട ഇടത് ഭരണത്തിന് അന്ത്യം കുറിച്ച്, നിയമസഭാ തെരഞ്ഞെടുപ്പിൽ 102 സീറ്റുകളുടെ വൻ ഭൂരിപക്ഷത്തോടെയാണ് യു.ഡി.എഫ് സഖ്യം അധികാരത്തിൽ തിരിച്ചെത്തിയത്.

പറവൂരിന്റെ പടനായകൻ: വി.ഡി. സതീശൻ

കേരളത്തിന്റെ മുഖ്യമന്ത്രി പദവിയിലേക്ക് വി.ഡി. സതീശൻ നടന്നു കയറിയത് ദീർഘകാലത്തെ രാഷ്ട്രീയ പോരാട്ടങ്ങളുടെയും പാർലമെന്ററി മികവിന്റെയും കരുത്തിലാണ്. ഒരു തവണ പോലും മന്ത്രിയാകാതെ, പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് നേരിട്ട് മുഖ്യമന്ത്രി കസേരയിലേക്ക് എത്തുന്ന മൂന്നാമത്തെ നേതാവാണ് അദ്ദേഹം.

1964 മെയ് 31-ന് എറണാകുളം ജില്ലയിലെ നെട്ടൂരിൽ വടശ്ശേരി ദാമോദര മേനോന്റെയും വി. വിലാസിനിയമ്മയുടെയും മകനായാണ് വി.ഡി. സതീശന്റെ ജനനം. ലക്ഷ്മിപ്രിയയാണ് ഭാര്യ, ഉണ്ണിമായ ഏക മകളാണ്. പനങ്ങാട് ഹൈസ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസവും തേവര സേക്രഡ് ഹാർട്ട് കോളേജിൽ നിന്ന് ബിരുദവും നേടി. തുടർന്ന് തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്ന് എൽ.എൽ.ബിയും ഗവൺമെന്റ് ലോ കോളേജിൽ നിന്ന് എൽ.എൽ.എമ്മും പൂർത്തിയാക്കി. ഒരു പതിറ്റാണ്ടോളം കേരള ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിട്ടുണ്ട്.

school-കോളേജ് കാലഘട്ടത്തിൽ കെ.എസ്.യു വിലൂടെയാണ് സതീശൻ രാഷ്ട്രീയ രംഗത്തേക്ക് വരുന്നത്. മികച്ച പ്രസംഗകനും ഡിബേറ്ററുമായിരുന്ന അദ്ദേഹം 1986-87 കാലഘട്ടത്തിൽ എം.ജി സർവ്വകലാശാല യൂണിയൻ ചെയർമാനായും തുടർന്ന് എൻ.എസ്.യു ദേശീയ സെക്രട്ടറിയായും പ്രവർത്തിച്ചു. 1996-ൽ പറവൂർ മണ്ഡലത്തിൽ നിന്ന് ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും ചെറിയ മാർജിനിൽ പരാജയപ്പെട്ടു. എന്നാൽ 2001-ൽ ഇതേ മണ്ഡലത്തിൽ നിന്ന് വിജയിച്ച് ആദ്യമായി നിയമസഭയിലെത്തി. പിന്നീട് 2006, 2011, 2016, 2021, ഒടുവിൽ 2026-ലെ പൊതുതിരഞ്ഞെടുപ്പിലും പറവൂർ മണ്ഡലം വി.ഡി. സതീശനെ നെഞ്ചോട് ചേർത്തു. അങ്ങനെ തുടർച്ചയായ ആറ് വിജയങ്ങളുടെ തിളക്കവുമായാണ് അദ്ദേഹം ജനനായകനായി മാറിയത്.

2021-ലെ കനത്ത പരാജയത്തിന് ശേഷം യു.ഡി.എഫിനെ നയിക്കാൻ ഹൈക്കമാൻഡ് വി.ഡി. സതീശനെ പ്രതിപക്ഷ നേതാവായി ചുമതലപ്പെടുത്തി. സഭയ്ക്കകത്ത് സർക്കാരിനെതിരെയുള്ള മൂർച്ചയേറിയ ചോദ്യങ്ങളും കൃത്യമായ രാഷ്ട്രീയ തന്ത്രങ്ങളും അദ്ദേഹത്തെ മുന്നണിയുടെ ചോദ്യം ചെയ്യപ്പെടാത്ത നായകനാക്കി മാറ്റി. ഈ ജനകീയ അടിത്തറയാണ് 2026-ൽ 102 സീറ്റുകളുടെ പടുകൂറ്റൻ വിജയത്തോടെ അദ്ദേഹത്തെ കേരളത്തിന്റെ മുഖ്യമന്ത്രി പദത്തിൽ എത്തിച്ചത്.

പുതുമുഖങ്ങൾക്ക് മുൻഗണന; 21 അംഗ മന്ത്രിസഭ

മുഖ്യമന്ത്രി വി.ഡി. സതീശന് പുറമെ 20 മന്ത്രിമാരും ഇന്ന് വേദിയിൽ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. 14 പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് രൂപീകരിച്ചതാണ് പുതിയ യു.ഡി.എഫ് മന്ത്രിസഭ. കോൺഗ്രസിൽ നിന്ന് രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ. മുരളീധരൻ, എ.പി. അനിൽകുമാർ തുടങ്ങിയ മുതിർന്ന നേതാക്കൾക്കൊപ്പം പി.സി. വിഷ്ണുനാഥ്, ടി. സിദ്ദിഖ്, ബിന്ദു കൃഷ്ണ, റോജി എം. ജോൺ, എം. ലിജു തുടങ്ങിയ യുവനിരയും മന്ത്രിസഭയിലുണ്ട്. മുസ്ലിം ലീഗിൽ നിന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ അഞ്ച് മന്ത്രിമാരും, കേരള കോൺഗ്രസ് പ്രതിനിധിയായി മോൻസ് ജോസഫും മറ്റ് ഘടകകക്ഷി നേതാക്കളും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു.

ദേശീയ നേതാക്കളുടെ വൻ നിര; കനത്ത സുരക്ഷയിൽ തലസ്ഥാനം

കേരളത്തിലെ ഈ ചരിത്ര വിജയത്തിന് സാക്ഷ്യം വഹിക്കാൻ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ തിരുവനന്തപുരത്ത് എത്തിയിരുന്നു. ഇതുകൂടാതെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തുടങ്ങിയ പ്രമുഖ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. വൻ ജനപങ്കാളിത്തം കണക്കിലെടുത്ത് നഗരത്തിൽ അതീവ ജാഗ്രതയും ശക്തമായ സുരക്ഷയുമാണ് പൊലീസ് ഏർപ്പെടുത്തിയിരുന്നത്. എന്നാൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാൻ തന്റെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം വെട്ടിക്കുറയ്ക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

ആദ്യ കാബിനറ്റിൽ ജനപ്രിയ പ്രഖ്യാപനങ്ങൾക്ക് സാധ്യത

സത്യപ്രതിജ്ഞയ്ക്ക് ശേഷം ചേരുന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിച്ചുകൊണ്ടുള്ള നിർണായക പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും. സംസ്ഥാനത്തെ ആശാ വർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കൽ, കൊച്ചി മാതൃകയിൽ വിശപ്പുരഹിത കേരളം ലക്ഷ്യമിട്ട് സംസ്ഥാനവ്യാപകമായി ‘ഇന്ദിര കാന്റീനുകൾ’ ആരംഭിക്കൽ, കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കൽ എന്നിവയാണ് ആദ്യഘട്ടത്തിൽ പരിഗണനയിലുള്ള പ്രധാന പ്രഖ്യാപനങ്ങൾ.