വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് സർക്കാരിന്റെ മുൻകൂർ അനുമതി തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയെ അറിയിച്ചു. കരാർ പ്രകാരം ഓഹരികൾ കൈമാറണമെങ്കിൽ സർക്കാർ അനുമതി അനിവാര്യമാണെന്നും, മാധ്യമ വാർത്തകളിലൂടെ മാത്രമാണ് ഈ വിവരങ്ങൾ അറിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ സർക്കാരിന് മുന്നിൽ നിലവിൽ ഫയലുകളൊന്നും വന്നിട്ടില്ലെന്നും, അത്തരം അപേക്ഷകൾ ലഭിച്ചാൽ കൃത്യമായി പരിശോധിച്ച് തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി സഭയിൽ ചോദ്യങ്ങൾക്ക് മറുപടിയായി കൂട്ടിച്ചേർത്തു. വിഴിഞ്ഞത്തിന് പുറമെ ബേപ്പൂർ തുറമുഖവും സർക്കാർ മുൻകൈയെടുത്ത് വികസിപ്പിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ ടെർമിനൽ ഓപ്പറേറ്റർമാരിലൊന്നായ എം.എസ്.സിയുടെ ടെർമിനൽ വിഭാഗമായ ടി.ഐ.എല്ലുമായി ചേർന്നാണ് അദാനി ഗ്രൂപ്പ് വിഴിഞ്ഞത്ത് വൻ വികസനത്തിന് ഒരുങ്ങുന്നത്. 27,000 കോടി രൂപയുടെ ബൃഹത്തായ പദ്ധതിയിൽ 13,000 കോടി രൂപ നിക്ഷേപിച്ച് 49 ശതമാനം ഓഹരികളാണ് ടി.ഐ.എൽ സ്വന്തമാക്കുന്നത്. നൂറിലധികം കണ്ടെയ്നർ ടെർമിനലുകളും പ്രതിവർഷം 70 ദശലക്ഷത്തിലധികം ടി.ഇ.യു ചരക്കുനീക്ക ശേഷിയുമുള്ള ടി.ഐ.എല്ലിന്റെ വരവ് വിഴിഞ്ഞത്തിന് വലിയ കുതിപ്പേകും. നിലവിൽ 16 ലക്ഷം ടി.ഇ.യു ശേഷിയുള്ള തുറമുഖത്തെ 2028 ഡിസംബറോടെ 57 ലക്ഷം ടി.ഇ.യുവിലേക്ക് ഉയർത്തുകയാണ് ഈ സഖ്യത്തിന്റെ ലക്ഷ്യം. മുന്ദ്ര, എന്നൂർ തുറമുഖങ്ങളിലെ വിജയകരമായ സഹകരണത്തിന് പിന്നാലെ വിഴിഞ്ഞത്തും എം.എസ്.സിയുമായി കൈകോർക്കുന്നത് ആഗോള വിപണിയിലേക്കുള്ള ഇന്ത്യയുടെ സാന്നിധ്യം ശക്തമാക്കുമെന്നാണ് അദാനി ഗ്രൂപ്പ് പ്രതീക്ഷിക്കുന്നത്.







