Home kerala ഇന്ധനവില കുതിച്ചുയരുമെന്ന വാർത്തകൾ വ്യാജം: വ്യക്തതയുമായി കേന്ദ്രസർക്കാർ; ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല

ഇന്ധനവില കുതിച്ചുയരുമെന്ന വാർത്തകൾ വ്യാജം: വ്യക്തതയുമായി കേന്ദ്രസർക്കാർ; ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല

6
0

രാജ്യത്ത് പെട്രോൾ, ഡീസൽ വില ലിറ്ററിന് 28 രൂപ വരെ വർധിക്കുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും തള്ളി കേന്ദ്ര സർക്കാർ. അന്താരാഷ്ട്ര തലത്തിലെ സാമ്പത്തിക വിശകലന റിപ്പോർട്ടുകളെ ഉദ്ധരിച്ച് പുറത്തുവന്ന ഇത്തരം വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. ഇന്ധനവിലയിൽ വൻ വർധന വരുത്താൻ യാതൊരുവിധ നീക്കവും നിലവിൽ സർക്കാരിന്റെ പരിഗണനയിലില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

കൊട്ടക് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സമൂഹമാധ്യമങ്ങളിലടക്കം വ്യാപകമായ പ്രചാരണം നടന്നതോടെയാണ് സർക്കാർ വിശദീകരണവുമായി രംഗത്തെത്തിയത്. ഇത്തരം റിപ്പോർട്ടുകൾ ജനങ്ങൾക്കിടയിൽ അനാവശ്യമായ പരിഭ്രാന്തി സൃഷ്ടിക്കാൻ മാത്രമുള്ളതാണെന്നും രാജ്യത്ത് ആവശ്യത്തിന് ഇന്ധന ശേഖരം ലഭ്യമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു. തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഇത്തരം വാർത്തകൾ വിശ്വസിക്കരുതെന്ന് എക്സ് പ്ലാറ്റ്‌ഫോമിലൂടെ പെട്രോളിയം മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. നിലവിലെ സാഹചര്യത്തിൽ ഇന്ധനവിലയിൽ മാറ്റമുണ്ടാകില്ലെന്ന് ഉറപ്പുനൽകിയ സർക്കാർ, ആശങ്കകൾക്ക് വിരാമമിട്ടു.