അഹമ്മദാബാദ് : നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നിറഞ്ഞൊഴുകിയ ആരാധക ലക്ഷങ്ങളെ സാക്ഷിയാക്കി ഇന്ത്യ വീണ്ടും ലോക ക്രിക്കറ്റിന്റെ നെറുകയിലെത്തിയിരിക്കുന്നു. ആവേശകരമായ ഫൈനലിൽ ന്യൂസിലൻഡിനെ 96 റൺസിന് തകർത്തെറിഞ്ഞാണ് ഇന്ത്യ തങ്ങളുടെ മൂന്നാം ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗും ജസ്പ്രീത് ബുംറയുടെ മാരക ബൗളിംഗുമാണ് ഇന്ത്യക്ക് ഈ ചരിത്ര വിജയം സമ്മാനിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് വേണ്ടി ഓപ്പണർമാരായ സഞ്ജു സാംസണും അഭിഷേക് ശർമയും ചേർന്ന് തകർപ്പൻ തുടക്കമാണ് നൽകിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് വെറും 8 ഓവറിൽ 98 റൺസ് അടിച്ചുകൂട്ടി. 21 പന്തിൽ 52 റൺസെടുത്ത അഭിഷേക് പുറത്തായെങ്കിലും സഞ്ജു പതറാതെ പോരാടി. പിന്നീട് ക്രീസിലെത്തിയ ഇഷാൻ കിഷനെ കൂട്ടുപിടിച്ച് സഞ്ജു ഇന്ത്യൻ സ്‌കോർ കുതിപ്പിച്ചു. 46 പന്തിൽ എട്ട് സിക്സറുകളും അഞ്ച് ഫോറുകളുമടക്കം 89 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്. ഇഷാൻ കിഷൻ 25 പന്തിൽ 54 റൺസ് നേടി മികച്ച പിന്തുണ നൽകിയതോടെ ഇന്ത്യ കൂറ്റൻ സ്‌കോറിലെത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡിന് ഇന്ത്യൻ ബൗളിംഗ് പടയ്ക്ക് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. പവർപ്ലേയിൽ തന്നെ മുൻനിര ബാറ്റർമാരായ ഫിൻ അലൻ, രചിൻ രവീന്ദ്ര, ഗ്ലെൻ ഫിലിപ്സ് എന്നിവരെ ഇന്ത്യ പുറത്താക്കി. ടിം സീഫെർട്ടും (52) മിച്ചൽ സാന്റ്നറും (43) അല്പനേരം പിടിച്ചുനിന്നെങ്കിലും നാല് വിക്കറ്റുകൾ വീഴ്ത്തിയ ജസ്പ്രീത് ബുംറ കിവീസിന്റെ പോരാട്ടം അവസാനിപ്പിച്ചു. ഒടുവിൽ 19 ഓവറിൽ 159 റൺസിന് ന്യൂസിലൻഡ് എല്ലാവരും പുറത്തായതോടെ ഇന്ത്യ 96 റൺസിന്റെ തകർപ്പൻ ജയം ആഘോഷിച്ചു.
ഈ വിജയത്തോടെ ടി20 ലോകകപ്പ് കിരീടം നിലനിർത്തുന്ന ടീമെന്ന ബഹുമതിയും ഇന്ത്യ സ്വന്തമാക്കി. സഞ്ജുവിന്റെ ബാറ്റിംഗ് മികവും ബുംറയുടെ കൃത്യതയാർന്ന ബൗളിംഗും ഈ ഫൈനലിലെ നിർണ്ണായക ഘടകങ്ങളായി മാറി.






